ഇന്ത്യയിലെ ഭരണ കക്ഷിയിലെ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ ബി.ജെ.പിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. തികച്ചും കുറ്റകരമായ പ്രസ്താവനയെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശ കാര്യ ഉപമന്ത്രിയാണ് സ്ഥാനപതിക്ക് കൈമാറിയത്. ഇത്തരം വിദ്വേഷ പ്രസ്താവനകൾ തടസ്സമോ ശിക്ഷയോ കൂടാതെ തുടരുന്നത് തീവ്രചിന്തകൾക്ക് വളംവെക്കുമെന്നും ഇസ്ലാം മതത്തിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശത്തെ കുറിച്ച് അറിവില്ലാതെയാണ് ഇത്തരം പരമാർശങ്ങൾ നടത്തുന്നതെന്നും പ്രതിഷേധ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നാഗരികത കെട്ടിപ്പടുക്കുന്നതിൽ ഇസ്ലാം വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രാവചക നിന്ദ പരാമർശ്ശം നടത്തിയ പാർട്ടിയുടെ ഔദ്യോഗിക വക്താക്കളെ സ്ഥാനത്ത് നിന്ന് നീക്കിയതായി നേരത്തെ ബി. ജി. പി. വ്യക്തമാക്കിയിരുന്നു.