കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന കമ്പ്യൂട്ടർ സംവിധാനം വീണ്ടും തകരാറിലായി. ഇതേ തുടർന്ന് വിമാന താവളത്തിലെ ഇരു വിഭാഗങ്ങളിലെയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു ഏറെ താമസം നേരിട്ടു.10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണു ഇതേ സംവിധാനം തകരാറിലാകുന്നത്. ഇതേ തുടർന്ന് രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു ആഭ്യന്തര മന്ത്രാലയം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതിനു പുറമേ വിമാന താവളത്തിലെ തിരക്കു കുറക്കുന്നതിനു പാസ്‌പോർട്ട് വിഭാഗം അറൈവൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാനുവൽ സംവിധാനമാണ് ഉപയോഗിച്ചു വരുന്നത്. വിമാന താവളത്തിൽ യാത്രക്കാരുടെ നീക്കം തടസ്സപ്പെടുത്തുന്ന സാങ്കേതിക തകരാറുകൾ ആവർത്തിക്കാതിരിക്കാൻ വിമാന താവളത്തിലെ സുരക്ഷ വിഭാഗവുമായി ഏകോപിപ്പിച്ച് കൊണ്ട് സിവിൽ വ്യോമയാന അധികൃതർ നിരവധി നടപടികൾ സ്വീകരിക്കുന്ന പ്രക്രിയയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.