കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട് സോർസ്സിംഗ് സെന്ററിൽ അക്രമം നടത്തിയ ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. അബ്ബാസിയയിലെ ഇന്ത്യൻ എംബസിയുടെ ഔട് സോർസ്സിംഗ് സെന്ററിൽ സ്വദേശി വേഷത്തിൽ എത്തിയ ഇയാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എറിഞ്ഞു തകർക്കുകയായിരുന്നു. ഇതേ തുടർന്ന് കേന്ദ്രത്തിലെ ജീവനക്കാർ ഇയാളെ തടഞ്ഞു വെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സ്വയം തന്നെ പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ഫോട്ടോ ചുമരിൽ കണ്ടാൽ ഇനിയും താൻ അടിച്ചു തകർക്കുമെന്നും ഇയാൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി ദൃക്സാക്ഷികൾ അറിയിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യൻ എംബസിയുടെ ജിലീബ്, ഫഹാഹീൽ ഔട് സോർസ്സിംഗ് സെന്ററുകൾ ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു പൂട്ടി. എന്നാൽ കുവൈത്ത് സിറ്റിയിലെ അലി അൽ സാലം സ്ട്രീറ്റിലെ ജവാഹറ ടവറിൽ മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ബി. എൽ. എസ്. ഔട് സോർസ്സിംഗ് കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂർ നേരങ്ങളിലും പ്രവർത്തിക്കും. ഫോൺ നമ്പർ : 65506360