കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.ബുതൈന അൽ മുദാഫ് വ്യക്തമാക്കി. എന്നാൽ നിലവിലെ ആരോഗ്യ സാഹചര്യം ആശ്വാസകരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവർ അറിയിച്ചു. പ്രാദേശികവും അന്തർ ദേശീയ തലത്തിലും നില നിൽക്കുന്ന പകർച്ച വ്യാധി സാഹചര്യം മന്ത്രാലയം പിന്തുടർന്നു വരികയാണ്. ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിക്കപ്പെടുന്ന കേസുകൾ ഇപ്പോഴും ആശ്വാസകരമാണ്. നിലവിലെ സൂചകങ്ങൾ ആരോഗ്യ സംവിധാനത്തിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും അവർ വ്യക്തമാക്കി.