കുവൈത്തിൽ തെരുവുനായ്ക്കളെയും പൂച്ചകളെയും ഭക്ഷണത്തിൽ വിഷം നൽകി കൊല്ലുന്നത് വ്യാപകമാകുന്നു. വന്ധ്യംകരിച്ച് വ്യാപനം തടയുന്നതിന് പകരം മനുഷ്യത്വരഹിതമായ രീതിയിൽ കൊല്ലുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി. ഫ്രൈഡേ മാർക്കറ്റ്, അൽ റായ് ഭാഗത്ത് കഴിഞ്ഞദിവസങ്ങളിൽ നിരവധി തെരുവുനായ്ക്കളെയും പൂച്ചകളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാലുദിവസത്തോളം നരകിച്ച് ജീവിച്ച് ഒടുവിൽ ജീവൻ നഷ്ടമാകുന്ന രീതിയിലുള്ള വിഷമാണ് ഭക്ഷണത്തിൽ കലർത്തി നൽകുന്നത്. രഹസ്യ നിരീക്ഷണത്തിലൂടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നും കീടനാശിനി കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.