പ്രവാചക നിന്ദ പരാമർശം നടത്തിയതിനെതിരെ കഴിഞ്ഞ ദിവസം കുവൈത്തിൽ പ്രതിഷേധിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് വെച്ചാണു ഒരു കൂട്ടം പ്രവാസികൾ കുത്തിയിരിപ്പും പ്രകടനവും നടത്തി പ്രതിഷേധം സംഘടിപ്പിചത്. ഇതിൽ പങ്കെടുത്ത പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുവാനും നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുവാനുമാണ് മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിദേശികൾ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി
രാജ്യത്തെ എല്ലാ താമസക്കാരും നിയമങ്ങൾ മാനിക്കണമെന്നും യാതൊരു കാരണവശാലും കുത്തിയിരിപ്പു സമരങ്ങൾക്കോ പ്രകടനങ്ങൾക്കോ ആഹ്വാനം നൽകരുതെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.