കുവൈത്തിൽ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിട്ട ഇന്ത്യൻ എംബസിയുടെ ഫഹാഹീൽ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം ഇന്ന് മുതൽ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഔട്ട്സോഴ്സ് കേന്ദ്രങ്ങളിലെ ഫഹാഹീൽ,ജലീബ് അൽ ശുയൂഖ് (അബ്ബാസിയ) ശാഖകൾ താൽക്കാലികമായി അടച്ചത്. അബ്ബാസിയ ശാഖയിൽ ബംഗ്ലാദേശി പൗരൻ നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരു കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു പൂട്ടിയത്. ഫഹഹീൽ സെന്ററിൽ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാവും പ്രവർത്തിക്കുക. വൈകീട്ട് 5.15 വരെ മാത്രമേ സന്ദർശകർക്ക് ടോക്കൺ നൽകകയുള്ളൂ. വെള്ളിയാഴ്ച അവധി ആയിരിക്കും. ഫഹാഹീൽ മക്ക സ്ട്രീറ്റിൽ അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിലെ മെസനൈൻ ഫ്ലോറിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കുവൈത്ത് സിറ്റിയിലെ ഔട്ട്സോഴ്സ് കേന്ദ്രം ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കുകയും രാത്രി 8.45 വരെ ടോക്കൺ നൽകുകയും ചെയ്യും.വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെയും കുവൈത്ത് സിറ്റി കേന്ദ്രം തുറന്ന് പ്രവർത്തിക്കും. എന്നാൽ ആബ്ബാസിയ ശാഖ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് വരെ തീരുമാനം ആയിട്ടില്ല.