ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കുവാൻ ഇന്ത്യ തീരുമാനം കൈകൊണ്ടതായി റിപ്പോർട്ട്. ഗോതമ്പ് ഉൾപ്പെടെ ആവശ്യമായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും വരും കാലയളവിൽ കുവൈത്തിനു നൽകാൻ ഇന്ത്യ പൂർണ സന്നദ്ധത അറിയിച്ചതായി ഇന്ത്യൻ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ഉണ്ട്. ഗോതമ്പ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കുവൈത്ത് വാണിജ്യ വ്യസായ മന്ത്രി ഫഹദ് അൽ ഷരിയാൻ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണു ഇത് സംബന്ധിച്ച് ധാരണയായത് എന്നാണു വിവരം.
കൂടിക്കാഴ്ചയിൽ കൊറോണ മഹാമാരി കാലത്ത് കുവൈത്ത് തന്റെ രാജ്യവുമായി സഹകരിച്ചു കൊണ്ട് നടത്തിയ മഹത്തായ പ്രവർത്തനങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് അനുസ്മരിക്കുകയും വരും നാളുകളിൽ കുവൈത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളിൽ പിന്തുണ നൽകാനുള്ള ഭാരതത്തിന്റെ സന്നദ്ധത ഉറപ്പ് നൽകുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കാലത്ത് ഇന്ത്യയിലെ ആശുപത്രികൾ നേരിട്ട ഓക്സിജൻ കമ്മി നികത്താൻ 215 മെട്രിക് ടൺ ഓക്സിജനും ആയിരത്തിലധികം സിലിണ്ടറുകളും വിതരണം ചെയ്ത കുവൈത്തിന്റെ ഉദാരത സ്ഥാനപതി അനുസ്മരിച്ചു.