കുവൈത്തിൽ നിലവിലെ ആരോഗ്യ സ്ഥിതി ആശ്വാസകരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് പ്രാദേശികവും അന്തർ ദേശീയവുമായ ആരോഗ്യ സ്ഥിതിഗതികൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മന്ത്രാലയവും അന്താരാഷ്ട്ര സംഘടനകളും തമ്മിൽ നിരന്തരമായി ആശയവിനിമയം നടത്തി വരികയാണ്. രാജ്യത്തും അയൽ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണു. എന്നാൽ തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണം ആശങ്കാ ജനകമല്ല.
ഹജ്ജ് തീർത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ തീർഥാടകർ അടച്ചിട്ടതും തിരക്കേറിയതുമായ സ്ഥലങ്ങൾ സന്ദർശ്ശിക്കുന്നത് ഒഴിവാക്കേണ്ടതിന്റെയും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ശ്വാസകോശ സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മറ്റുള്ളവരിൽ നിന്ന് വിട്ടു നിൽക്കണമെന്നും , കുട്ടികൾ വേനൽക്കാല ക്ലബ്ബുകളിൽ പോകുന്നത് ഒഴിവാക്കുന്നതാണു ഉചിതമെന്നും ഡോ.സനദ് അഭിപ്രായപ്പെട്ടു