കുവൈത്തിന്റെ പുരോഗതിക്ക് തടസ്സമാകുന്ന ‘വാസ്ത’ സമ്പ്രദായം അവസാനിപ്പിക്കാൻ പുതിയ പ്രധാന മന്ത്രി ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹ് നടത്തുന്ന ഇടപെടലുകൾ ശ്രദ്ദേയമാകുന്നു. പ്രധാന മന്ത്രിയായി നിയമിക്കപ്പെട്ട കഴിഞ്ഞ മാസം മുതൽ നിരവധി ഉദ്യമങ്ങളാണു അദ്ദേഹം ഇതിനായി നടത്തി വരുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഇടനിലക്കാരോ ശുപാർശകരോ ഇല്ലാതെ തന്നെ സർക്കാർ കാര്യാലയങ്ങളിൽ ഇടപാടുകൾ നടത്താൻ സാധിക്കുന്ന തരത്തിൽ നിലവിലെ ചട്ടക്കൂടുകളിൽ മാറ്റം വരുത്താനാണു അദ്ദേഹം ശ്രമിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സേവനങ്ങൾ നടത്തുന്ന സർക്കാർ കാര്യാലയങ്ങളിൽ മിന്നൽ സന്ദർശ്ശനം നടത്തി ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി കേൾക്കുകയാണു അദ്ദേഹം.
കുവൈത്ത് സിറ്റിയിലെ സെക്രട്ടറിയേറ്റ് സമുച്ചയത്തിൽ കഴിഞ്ഞ ദിവസം മിന്നൽ സന്ദർശ്ശനം നടത്തിയ അദ്ദേഹം പൊതു ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിച്ചു. അതത് സർക്കാർ കാര്യാലയങ്ങളുടെ ചുമതല വഹിക്കുന്ന ഓരോ വകുപ്പ് മേധാവികളും സന്ദർശ്ശക ഹാളിൽ എത്തി പൊതു ജനങ്ങളുടെ പരാതി കേൾക്കാൻ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശ്ശന നിർദ്ദേശം നകുകയും ചെയ്തു. നിയമ പരമായ രേഖകളോട് കൂടി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്തുന്ന പൊതു ജനങ്ങൾക്ക് അതിനു കാല താമസം വരുത്തരുത്. നിയമ പരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നൽകാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അവ നിയമ പരമായി പരിഹരിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനു മന്ത്രി തലത്തിൽ വരെ വിഷയം ഉന്നയിക്കണമെന്നും പ്രധാന മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്ന മറ്റു മന്ത്രാലയങ്ങളിലും ഇതിനകം മിന്നൽ സന്ദർശ്ശനം നടത്തിയ പ്രധാന മന്ത്രി വകുപ്പ് മന്ത്രിമാർക്കും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിനു പുറമേ രാജ്യത്തെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഈ വർഷം ആദ്യം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയ പ്രസ്ഥാവന പ്രവാസികൾക്കിടയിലും അദ്ദേഹത്തിനു ഏറെ സ്വീകാര്യനാക്കിയിരുന്നു. അമേരിക്കക്കാരനായാലും ഇന്ത്യക്കാരനായാലും പ്രവാസികൾക്കിടയിൽ വിവേചനം കാട്ടരുതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്ക് അദ്ദേഹം അന്ന് നിർദ്ദേശം നൽകിയത്.