കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് നൽകി വരുന്ന സൗജന്യ റേഷൻ ഈ മാസം അവസാനം ( ഓഗസ്ത് 31) നിർത്തലാക്കും. കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക് വേണ്ടി ഈ വർഷം മാർച്ച് മാസം മുതലാണു സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്.മന്ത്രി സഭാ തീരുമാന പ്രകാരം വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു റേഷൻ വിതരണം നടത്തി വന്നിരുന്നത്.കോവിഡ് മുൻ നിരപോരാളികളായ സ്വദേശികൾക്ക് എന്ന പോലെ വിദേശികൾക്കും സൗജന്യ റേഷൻ ആനുകൂല്യം ലഭ്യമാക്കിയിരുന്നു.ഇതിനായി ഏകദേശം 50 ദശലക്ഷം ദിനാർ ആണു ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്.
നിലവിൽ അരി, പഞ്ചസാര,പയർ, പാൽ പൊടി,സസ്യ ഓയിൽ തക്കാളി പേസ്റ്റ്, ശീതീകരിച്ച കോഴി ഇറച്ചി എന്നീ ഉൽപ്പന്നങ്ങളാണു സൗജന്യ റേഷൻ വഴി വിതരണം ചെയ്തിരുന്നത്.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി നഴ്സുമാർക്കും ഡോക്റ്റർമ്മാർക്കും മറ്റു മുൻ നിര ആരോഗ്യ പ്രവർത്തകർക്കും സൗജന്യ റേഷൻ ആനുകൂല്യം ലഭിച്ചു വരികയായിരുന്നു.