കുവൈറ്റ്: സ്ഥാനാർത്ഥി ഖാലിദ് അൽ മുതൈരിയെ തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് തിരിച്ചെടുക്കാൻ കോടതി ഉത്തരവ്. അതേസമയം അപ്പീൽ കോടതി ചൊവ്വാഴ്ച മറ്റ് ആറ് സ്ഥാനാർത്ഥികളുടെ വിധി പുറപ്പെടുവിക്കുമെന്ന് അറിയിച്ചു. ക്രിമിനൽ, രാഷ്ട്രീയ കാരണങ്ങളാൽ കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയ കമ്മീഷൻ 15 സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കിയിരുന്നു. ഏഴ് പേർ നിരോധനത്തെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ ചോദ്യം ചെയ്തു, അത് കമ്മീഷന്റെ തീരുമാനം ശരിവച്ചു.
വിധിക്കെതിരെ സ്ഥാനാർത്ഥികൾ വീണ്ടും അപ്പീൽ കോടതിയെ സമീപിച്ചു. കേസുകൾ കുവൈറ്റിലെ പരമോന്നത കോടതിയായ കാസേഷൻ കോടതിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ, സമഗ്രമായ തിരഞ്ഞെടുപ്പ് മാറ്റങ്ങളും മണ്ഡലങ്ങൾക്കിടയിൽ വോട്ടർമാരുടെ ന്യായമായ വിതരണവും ഉൾപ്പെടുന്ന അടിസ്ഥാന പരിഷ്കാരങ്ങൾക്കായുള്ള തങ്ങളുടെ ആവശ്യങ്ങൾ തിങ്കളാഴ്ച സ്ഥാനാർത്ഥികൾ ഉന്നയിച്ചു.
തെരഞ്ഞെടുപ്പിലും അസംബ്ലി സ്പീക്കർ തിരഞ്ഞെടുപ്പിലും സർക്കാർ ഇടപെടില്ലെന്ന് അമീർ വ്യക്തമാക്കിയതിന് ശേഷം സെപ്തംബർ 29 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്നാണ് മിക്ക സ്ഥാനാർത്ഥികളും രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിക്കുന്നത്. കുവൈറ്റിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവമായ പ്രതിജ്ഞയാണിതെന്ന് പ്രതിപക്ഷ നേതാവും മുൻ മൂന്ന് തവണ സ്പീക്കറുമായ അഹ്മദ് അൽ സാദൂൻ പറഞ്ഞു.