കുവൈത്തിൽ സ്വാകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ബിദൂനികൾക്കും ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഉദാരമാക്കാൻ ബാങ്കുകൾ തീരുമാനിച്ചു. ഇത് പ്രകാരം സ്വകാര്യ മേഖലയിലെ കുവൈത്തി ഇതര ജീവനക്കാർക്ക് ലോൺ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാറിൽ നിന്ന് 300 ദിനാർ ആയി കുറച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു വർഷം സേവനം പൂർത്തിയാക്കണമെന്ന വ്യവസ്ഥ 4 മാസമായി കുറക്കുകയും ചെയ്തു. തിരിച്ചടവ് കാലാവധി 8 വർഷമായി ഉയർത്തി. മുൻ കാലങ്ങളിൽ ബാങ്ക് അടവിൽ വീഴ്ച വരുത്താത്ത ആളായിരിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്നത് കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോ അല്ലെങ്കിൽ സാമ്പത്തികമായി കരുത്തുറ്റ സ്ഥാപനമോ ആയിരിക്കണം എന്ന നേരത്തെയുള്ള വ്യവസ്ഥകൾ തുടരും.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പരമാവധി ശമ്പളത്തിന്റെ 45 മടങ്ങ് വരെ ലോൺ അനുവദിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കൂടുതൽ കാലം സർവീസ് ഉള്ള വ്യക്തി ആണെങ്കിൽ എഴുപതിനായിരം ദിനാർ വരെ ലോൺ ലഭിക്കുവാനും അർഹത ഉണ്ടായിരിക്കും. സ്വകാര്യ സ്ഥാപനത്തിലെ നഴ്സിംഗ് ജീവനക്കാർക്ക് ശമ്പളത്തിന്റെ 45 മടങ്ങ് വരെ ലോൺ ലഭിക്കും.ഇത് പരമാവധി പരമാവധി 30,000 ദിനാർ ആയിരിക്കും. എന്നാൽ സ്ഥാപനത്തിൽ ദീർഘ കാല സർവീസ് ഉള്ളവർക്ക് ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തുക ലോൺ ലഭിക്കും.കോവിഡ് മഹാമാരിയെ തുടർന്നാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലോൺ നൽകുന്നതിനു ബാങ്കുകൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.