കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപതൃകളിൽ പ്രവാസികൾക്കുള്ള പ്രസവ ഫീസ് പുനഃപരിശോധിക്കാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നതിനു ഒരു സമിതി നിയോഗിച്ചു. പഠന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഫീസ് നിരക്ക് 50 മുതൽ 75 ശതമാനം വരെ വർദ്ധിപ്പിക്കുവാനാണ് ആലോചിക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് സൂചന.
നിലവിൽ, ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾക്ക് സാധാരണ പ്രസവത്തിന് 100 ദിനാറും പ്രസവ ശസ്ത്ര ക്രിയക്ക് 150 ദിനാറുമാണ് ആശുപത്രികളിലെ നിരക്ക്. പ്രസവ ശുശ്രൂഷ, അൾട്രാസൗണ്ട്, ലബോറട്ടറി പരിശോധനകളും മരുന്നുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അൾട്രാസൗണ്ട് പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നീ സേവനങ്ങൾക്കുള്ള ഫീസും പ്രസവ ശുശ്രൂഷ ഫീസും തമ്മിൽ വേർതിരിക്കുവാനും സ്വകാര്യ മുറിയുടെ വില ഇരട്ടിയാക്കാനുമാണ് ആലോചിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികളിൽ പ്രതിവർഷം 20,000-ലധികം പ്രവാസികളാണ് പ്രസവ ചികിത്സക്കായി എത്തുന്നത്.അതേസമയം പ്രതി വർഷം കേവലം 8000 സ്വദേശികൾ മാത്രമാണ് ആരോഗ്യ മന്ത്രാലയം ആശുപത്രികളിൽ പ്രസവ ചികിത്സ തേടുന്നത്.