കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.നേരത്തെ ഒന്നര ലക്ഷത്തോളം നിയമ ലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇത് ഒരു ലക്ഷത്തി മുപ്പത്തി ആറായിരമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ഉണ്ട്.
താമസ കാര്യ വിഭാഗം, മാനവ ശേഷി സമിതി എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ നിരന്തരമായ സുരക്ഷാ പരിശോധനയുടെ ഫലമാണ് അനധികൃത താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ അടുത്തിടെ നാടുകടത്തപ്പെട്ട നിയമലംഘകരിൽ ചിലർ രാജ്യത്ത് തിരിച്ചെത്തുകയും മദ്യ നിർമ്മാണം ഉൾപ്പെടേയുള്ള നിയമ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് വീണ്ടും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിയമ ലംഘകരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേ സമയം രാജ്യത്തെ അനധികൃത താമസക്കാർക്ക് താമസ രേഖ നിയമ വിധേയമാക്കുന്നതിനു ഉടൻ തന്നെ പൊതു മാപ്പ് പ്രഖ്യാപിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.