കുവൈത്ത് സിറ്റി: കുവൈത്തിലേയ്ക്ക് ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് ആയിരം ശുചീകരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കാണ് റിക്രൂട്മെന്റ് നടത്തുന്നത്. ഇതിനായി അടുത്ത മാസം വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ ഈ രാജ്യങ്ങളിൽ എത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശികമായി കരാർ അടിസ്‌ഥാനത്തിൽ സ്ത്രീ ശുചീകരണ തൊഴിലാളികളെ ലഭ്യമാകാത്തത്തിനെ തുടർന്നാണ് വിദേശത്ത് നിന്നും നേരിട്ടുള്ള റിക്രൂട്ട്മെന്റിനു മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ഇതിനുള്ള അംഗീകാരം ലഭിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷന് ഔപചാരികമായി കത്ത് നൽകി.സിവിൽ സർവീസ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ഉടൻ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനും കരാർ നൽകുന്നതിനും രണ്ട് സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളിലേയ്ക്കും അടുത്ത മാസം സന്ദർശനം നടത്തുകയും റിക്രൂട്മെന്റ് നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.