കുവൈത്ത് സിറ്റി – 488 കുവൈത്തി യുവതികളെ ഈ വര്‍ഷം ആദ്യ 11 മാസത്തിനിടെ വിദേശികള്‍ വിവാഹം ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവിൽ കുവൈത്തി പൗരന്മാരും വിദേശികളും തമ്മിലുള്ള 1,262 വിവാഹങ്ങളാണ് ഔദ്യോഗിക വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം പതിനൊന്നു മാസത്തിനിടെ 774 കുവൈത്തി പൗരന്മാര്‍ വിദേശ വനിതകളെ വിവാഹം ചെയ്തു.
ഈ വര്‍ഷം കുവൈത്തി വനിതകളെ വിവാഹം ചെയ്ത വിദേശികളില്‍ 81 പേര്‍ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടവരാണ്. ബാക്കിയുള്ളവർ അറബ്, ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാരാണ്. കുവൈത്തി വനിതകളെ വിവാഹം ചെയ്തവരില്‍ കൂടുതലും അറബ് വംശജരാണ്. കുവൈത്തി പൗരന്മാരുടെയും വനിതകളുടെയും 8,594 വിവാഹങ്ങളാണ് ഈ വര്‍ഷം ഇതുവരെ ബന്ധപ്പെട്ട വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 7,332 എണ്ണം കുവൈത്തി യുവതീയുവാക്കള്‍ തമ്മിലുള്ള വിവാഹങ്ങളാണ് നടന്നത്. ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത ആകെ വിവാഹങ്ങളില്‍ 85.5 ശതമാനത്തിലും വധൂവരന്മാര്‍ സ്വദേശികളാണ്.