കുവൈത്തിൽ തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിൽ ( ഇദ്‌ൻ അമൽ ) പ്രതി വർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന നിയമം റദ്ധാക്കി. മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ ഡോ. മുബാറക് അൽ ആസിമിയാണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം . തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്‌ഥാനത്തിൽ തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് എത്ര ആയിരിക്കണമെന്ന് തീരുമാനിക്കുവാൻ തൊഴിലുടമക്ക് മാത്രമേ അവകാശം ഉള്ളൂ എന്നും ഇതിനു നിശ്ചിത പരിധി ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡ്രൈവിംഗ് ലൈസൻസ്, കുടുംബ, സന്ദർശക വിസകൾ മുതലായവ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന മറികടക്കുന്നതിനു വേണ്ടി തൊഴിൽ അനുമതി രേഖയിൽ ശമ്പളം ഉയർത്തി കാട്ടുന്ന പ്രവണത കണ്ടെത്തിയതിനെ തുടർന്നാണ്, തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന് നിബന്ധന ഏർപ്പെടുത്തിയത്.ഈ നിയമമാണ് ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്.