കുവൈത്ത് : ഫിലിപ്പീനോ വീട്ടു വേലക്കാരി കുവൈത്തിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ കുവൈത്ത് ഖേദം പ്രകടിപ്പിച്ചു.സംഭവം ഹീനവും മനുഷ്യത്വ രഹിതഹുമാണെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് സാലേം അബ്ദുള്ള അൽ സലിം അൽ സബാഹ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയ കുവൈത്തിലെ ഫിലിപ്പീൻസ് എംബസി ചാർജ് ഡി എഫയേഴ്‌സ് ജോസ് അൽമോഡോവറുമായി സംസാരിക്കവേയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്. കൊല്ലപ്പെട്ട ജോളിബി റാണാരയുടെ കുടുംബത്തിനോടുള്ള ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ടാണ് വിദേശകാര്യ മന്ത്രി യോഗം ആരംഭിച്ചത്. ദൗർഭാഗ്യകരമായ ഈ സംഭവത്തിന്റെ ഫലമായി ഫിലിപ്പിനുമായുള്ള സൗഹൃദത്തിൽ യാതൊരു കോട്ടവും സംഭവിക്കില്ലെന്നും കുറ്റവാളിക്ക് എതിരെ പരമാവധി ശിക്ഷ നടപ്പിലാക്കുമെന്നും മന്ത്രി അടിവരയിട്ട് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സാൽമി മരു പ്രദേശത്ത് ഫിലിപ്പീനോ വീട്ടു വേലക്കാരി ജോളിബി റാണാരയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസിൽ 16 കാരനായ കുവൈത്തി ബാലനെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗിക പീഡനത്തിനു ഇരയായതായും ഗർഭിണി ആയിരുന്നുന്നതായും കണ്ടെത്തിയിരുന്നു. യുവതിയെ താൻ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ച ശേഷം മരുഭൂമിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കുവാൻ ഫിലിപ്പീൻസ് കോൺഗ്രസിൽ അംഗങ്ങൾ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.