കുവൈത്ത് : കുവൈത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈത്ത് എയർവ്വേസ് യാത്രക്കാർക്കായി നിരവധി പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു. സൗജന്യ ഹോം ചെക്ക്-ഇൻ ആണ് ഇതിൽ എടുത്ത് പറയേണ്ടത്. റോയൽ ക്ലാസ് യാത്രക്കാർക്കാണ് ആവശ്യമാണെങ്കിൽ ഈ സേവനം ലഭ്യമാകുക.യാത്രക്കാരുടെ ലഗേജ് വീട്ടിൽ എത്തി സ്വീകരിക്കുകയും അപ്പോൾ തന്നെ ബോർഡിങ് പാസ് നൽകുകയും ചെയ്യുന്ന സേവനമാണിത്. ഇതിനായി യാത്രക്കാർ കുവൈത്ത് എയർവേയ്‌സിന്റെ ഇലക്ട്രോണിക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും , യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഹോം ചെക്ക്-ഇൻ സേവനത്തിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയും വേണം.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ബാഗേജ് സ്വീകരിക്കുന്നതിനായി കുവൈത്ത് എയർവേയ്സിന്റെ വാഹനം യാത്രക്കാരന്റെ വീട്ടിൽ എത്തും. ലഗേജ് തൂക്കുന്നതിനും ബോർഡിഗ് പാസ് ഇഷ്യു ചെയ്യുന്നതിനുമുള്ള ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കും.യാത്രക്കാർക്കുള്ള ഭക്ഷണ മെനുവിലും പരിഷ്കരണം ഏർപ്പെടുത്തിയിട്ടുണ്ട്.എയർബസ് A330 NEO വിമാനത്തിൽ വ്യത്യസ്‌തമായ ഡിസൈനുകളോട് കൂടിയ സീറ്റുകളും കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്.യാത്രക്കാർക്ക് ലിമോസിൻ സേവനങ്ങളും ആരംഭിക്കും.കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കമ്പനി പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചടങ്ങിൽ വിമാന ജീവനക്കാർക്കുള്ള പുതിയ യൂണിഫോം പുറത്തിറക്കി. പുതിയ യൂണിഫോം ഇറ്റാലിയൻ ഡിസൈനർ എറ്റോർ ബിലോട്ടയുമായി സഹകരിച്ച് രൂപകല്പന ചെയ്തതാണ്.