കുവൈത്ത്: സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സ്മരണ പുതുക്കി കുവൈറ്റ് ദേശീയ വിമോചന ദിനം ആഘോഷമാക്കി. രാജ്യം 62ാമത് ദേശീയദിനവും, 31ാമത് വിമോചന ദിനവും പിന്നിട്ടിരിക്കുകയാണ്.
ദേശീയ വിമോചന ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയ പതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു. കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. പാർക്കുകളിലേയ്ക്കും ബീച്ചുകളിലേയ്ക്കും ജനം ഒഴുകിയെത്തി. വ്യത്യസ്ത കലാരൂപങ്ങളുമായി മാളുകൾ ആഘോഷം വേറിട്ടതാക്കി.
പലയിടങ്ങളിലും കരിമരുന്ന് പ്രയോഗങ്ങളുമുണ്ടായി. കുവൈത്ത് ടവറും ഗൾഫ് സ്ട്രീറ്റും ഗ്രീൻ ഐലൻഡും ആഘോഷങ്ങളുടെ കേന്ദ്രമായി. ചൊവ്വാഴ്ച കരിമരുന്ന് പ്രയോഗത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നത്.