കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം അതി രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റമദാൻ മാസം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാന വാണിജ്യ മേഖലകളിലും സെൻട്രൽ മാർക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലേക്കുമുള്ള റോഡുകളിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.
റമദാൻ മാസത്തിനു മുന്നോടിയായി വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും മറ്റും ജനങ്ങൾ കൂട്ടമായി പുറത്തേക്ക് ഇറങ്ങിയതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമായി അധികൃതർ ചൂണ്ടി കാണിക്കുന്നത്. രാജ്യത്തെ ഏതാണ്ട് എല്ലാ പ്രധാന റോഡുകളിലും അവസ്ഥ ഇത് തന്നെയായിരുന്നു. ഇത് മൂലം മണിക്കൂറുകളോളമാണ് പലരും റോഡിൽ കുടുങ്ങി കിടന്നത്. റമദാൻ ആരംഭിക്കുന്നതോടെ രാജ്യത്ത് ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമാകുമെന്നാണ് ആശങ്കപ്പെടുന്നത്.പകൽ സമയങ്ങളിൽ ജോലി സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കുമുള്ള വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് റോഡുകൾ തിങ്ങി നിറയും. വൈകീട്ട് പ്രാർത്ഥനകൾക്കും ബന്ധു വീടുകളിലേക്കും വാണിജ്യ സാമൂച്ചയങ്ങളിലേക്കും പോകുന്ന യാത്രക്കാരും നിരത്തിലറങ്ങുന്നതോടെ നിയന്ത്രണാതീതമായ ഗതാഗത കുരുക്കായിരിക്കും രാജ്യ വ്യാപകമായി അനുഭവപ്പെടുക. ഗതാഗത കുരുക്ക് നിയന്ത്രിക്കുവാൻ സർക്കാർ ഓഫീസുകളിലേ പ്രവൃത്തി സമയം മൂന്ന് ഷിഫ്റ്റുകളിലായാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.
 
								 
															 
															 
															 
															








