കുവൈത്ത് സിറ്റി : കുവൈത്തിൽ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കിയതായി കൃഷി, മൃഗ സംരക്ഷണ സമിതിയിലെ മൃഗാരോഗ്യ വകുപ്പ് മേധാവി വാലിദ് അൽ-ഔദ് വ്യക്തമാക്കി. ഇതിനായി തെരുവ് നായ്ക്കളെ നേരിടുന്നതിൽ വിദഗ്ധരായ ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
തെരുവ് നായ്ക്കളെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവയെ വിതരണം ചെയ്യും. വിദേശ രാജ്യങ്ങളിലേക്ക് കയറ്റു മതി ചെയ്യാൻ താല്പര്യമുള്ള നായ പ്രേമികൾക്ക് അതിനുള്ള സൗകര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇവയുടെ പ്രജനനം നിയന്ത്രിക്കുന്നതിനായി ആൺ പട്ടികളെ പിടി കൂടി വന്ധ്യകരണത്തിനു വിധേയമാക്കും. രാജ്യത്ത് രണ്ട് വർഷത്തിനകം തെരുവ് നായ്ക്കൾ പൂർണ്ണമായും നീക്കം ചെയ്യുമെന്നും വാലിദ് അൽ ഊദ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന അബ്ബാസിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർ തെരുവ് നായകളുടെ ആക്രമണത്തിനു വിധേയരാകുന്ന സംഭവങ്ങളും വർദ്ധിച്ചു വരികയാണ്. ഇതേ തുടർന്ന് ഇന്ത്യൻ എംബസി ഉൾപ്പെടേയുള്ള അധികൃതർക്ക് പ്രദേശ വാസികൾ പരാതി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് അധികൃതരിൽ നിന്നും പ്രദേശ വാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം ഉണ്ടായിരിക്കുന്നത്.