കുവൈത്ത്: യൂറോപ്പിലും അമേരിക്കയിലും അതി വേഗം പടർന്നു കൊണ്ടിരിക്കുന്ന പുതിയ കോവിഡ് വകഭേദമായ ‘എറിസ്’ സെപ്റ്റംബർ അവസാനത്തോടെ കുവൈത്തിലും വ്യാപിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.ഘാനം അൽ ഹുജയ്ലാൻ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റുമുള്ള റിപ്പോർട്ടുകളുടെയും പ്രാഥമിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാവരും സാധാരണ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഹുജയ്ലാൻ അഭ്യർത്ഥിച്ചു.തിരക്കേറിയ ഇടങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ എന്നിവയുൾപ്പെടെ നിലവിൽ ഏകദേശം 51 രാജ്യങ്ങളിലെ 1.5 ദശലക്ഷം പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിട്ടുള്ളത്. കാലാനുസൃതമായ ഏറ്റക്കുറച്ചിലുകളും പരിശോധനയുടെ അഭാവവും കൊണ്ട്, “ഐറിസ്” അണുബാധയും ഇൻഫ്ലുവൻസയും ജലദോഷവും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്.”ഐറിസിന്റെ” ലക്ഷണങ്ങൾ വ്യത്യസ്തമാണ്. എങ്കിലും പനി, തൊണ്ടവേദന,മൂക്കൊലിപ്പ്, ചുമ. പേശി വേദന,ക്ഷീണം വയറിളക്കം തുമ്മൽ മുതലായവയാണ് പൊതുവായ രോഗ ലക്ഷണങ്ങൾ.