കുവൈത്ത് : കുവൈത്തിൽ ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ സാഹൽ ആപ്ലിക്കേഷനിൽ പുതിയ സംവിധാനം ഏർപ്പെടുത്തി.
കുവൈത്തി സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ അപേക്ഷകൾ മാത്രമാണ് പുതിയ സംവിധാനം വഴി സ്വീകരിക്കുക. ഇതിനായി സ്പോൺസർമാരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ തൊഴിലാളിയുടെ താമസരേഖ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണം. 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയുന്ന തൊഴിലാളിയുടെ താമസരേഖ സ്വമേധയാ റദ്ദാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും Infogdis@moi.gov.kw എന്ന ഇമെയിൽ വഴി ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.