കുവൈത്ത്: കുവൈത്തിൽ 8 അംഗ സൈബർ തട്ടിപ്പ് സംഘം അറസ്റ്റിലായി. വിവിധ രാജ്യക്കാരായ 8 അംഗ സംഘമാണ് അറസ്റ്റിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇവർ പ്രവർത്തിച്ചിരുന്നത് രണ്ട് സംഘമായാണ്. 48 മണിക്കൂറിനകം വ്യക്തിഗത ബാങ്ക് വായ്പ ശരിയാക്കിതരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവരിൽ ഒരു സംഘം തട്ടിപ്പ് നടത്തിയത്. തുടർന്ന് വിവിധ ബാങ്കുകളിൽ ഇരകളെ ഉപയോഗിച്ച് അകൗണ്ടുകൾ തുറപ്പിക്കുകയും ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യക്തി വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുക എ ന്നതായിരുന്നു ഇവരുടെ രീതി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പേരിലുള്ള ലിങ്കുകൾ കൃത്രിമമായി നിർമ്മിച്ചായിരുന്നു രണ്ടാമത്തെ സംഘം തട്ടിപ്പ് നടത്തിയത്. രാജ്യത്തിന് പുറത്തുള്ളവരെ കൂട്ടു പിടിച്ച് കൊണ്ടാണ് ഈ സംഘം ഇരകളെ വീഴ്ത്തിയത്. അജ്ഞാതവും സംശയകരവുമായ സാഹചര്യത്തിൽ ലഭിക്കുന്ന ലിങ്കുകളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.