ബാച്ചിലർ പ്രവാസികളുടെ നാടായി കുവൈറ്റ് മാറിയെന്ന് പാർലമെന്റേറിയനും ബിസിനസ് എൻവയോൺമെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റി ചെയർമാനുമായ അബ്ദുൾ വഹാബ് അൽ ഈസ. പ്രവാസികൾക്കുള്ള ഫാമിലി വിസ നിരോധനം പ്രതികൂലമായി ബാധിച്ചതിനെ കുറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“പ്രവാസികൾക്കുള്ള ഫാമിലി വിസ നിർത്തലാക്കാനുള്ള തീരുമാനത്തിന് ശേഷം യോഗ്യരായ കുറച്ചുപേർ മാത്രമേ നാട്ടിൽ അവശേഷിക്കുന്നുള്ളൂ. പുതുതായി എത്തിയ യോഗ്യതയുള്ളവരെല്ലാം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നു, ഭാര്യയും മക്കളും ഇല്ലാതെ ഇവിടെ തുടരാൻ അവർ തയ്യാറല്ലയെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫാമിലി വിസ നിരോധനം സ്വകാര്യ മേഖലയിലും ചെറുകിട പദ്ധതികളിലും പൊതുവിപണിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ പൂർത്തിയാക്കി അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തുന്നതിനായി കൗൺസിലിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.