കുവൈത്ത്: കുവൈത്തിൽ സന്ദർശന വിസയിൽ എത്തി കാലാവധി കഴിഞ്ഞു രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് ഒരു വർഷം തടവും 1000 ദീനാർ മുതൽ 2000 ദീനാർ വരെ പിഴയും ശിക്ഷ ലഭിക്കും. അടുത്ത ചൊവ്വാഴ്ച പാർലിമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വിദേശികളുടെ നിർദിഷ്ട താമസ നിയമത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇത് പ്രകാരം സന്ദർശക വിസയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവർക്ക് എതിരെ പ്രതി ദിനം രണ്ടു ദീനാർ മുതൽ നാലു ദീനാർ വരെ പിഴ ഈടാക്കും . കാലാവധി കഴിഞ്ഞു തങ്ങുന്ന ആദ്യമാസത്തിൽ ഓരോ ദിവസവും രണ്ടു ദീനാർ വീതവും അതുകഴിഞ്ഞു രണ്ടാം മാസത്തിലേക്ക് കടന്നാൽ ഓരോ ദിവസത്തിനും നാലു ദീനാർ തോതിലുമാണ് പിഴ ഏർപ്പെടുത്തുക . സന്ദർശനത്തിന് രാജ്യത്തെത്തുന്നവർക്ക് മൂന്നു മാസം വരെയാണ് താമസാനുമതി. അത് കഴിഞ്ഞു ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കരസ്ഥമാക്കിയില്ലെങ്കിൽ ഉടൻ കുവൈത്ത് വിടേണ്ടതാണ്. ഒരു വിദേശി നിയമം ലംഘിച്ച് മറ്റിടങ്ങളിൽ ജോലി ചെയ്തതായി കണ്ടെത്തിയാൽ 3000 ദീനാർ പിഴ ചുമത്തുമെന്നും നിദിഷ്ട നിയമത്തിൽ സൂചിപ്പിക്കുന്നു.പ്രസവിച്ച് നാലുമാസം കഴിഞ്ഞിട്ടും കുട്ടികളുടെ പാസ്‌പോർട്ടുകൾ ഡിപ്പാർട്‌മെന്റിനു സമർപ്പിക്കാത്ത രക്ഷിതാക്കൾക്ക് 600 ദീനാറിൽ കുറയാത്തതും 2000 ദീനാറിൽ കൂടാത്തതുമായ പിഴ ചുമത്തും.
2024 ന്റെ തുടക്കത്തോടെ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.