കുവൈത്ത്: കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പിഴ അടച്ചു താമസം നിയമപരമാക്കുന്നതിനോ ഉള്ള അവസരം പ്രബലത്തിലായിരിക്കെ റമദാനിൽ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ.
താമസം നിയമപരമാക്കുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചുകൊടുക്കേണ്ടുന്ന കാര്യാലയങ്ങൾ റമദാനിൽ ഉച്ചക്ക് 2 മണിമുതൽ 5 മണിവരെയായിരിക്കും പ്രവർത്തിക്കുക. ഇത്തരം ആളുകൾക്ക് പരമാവധി ഇളവുകാലം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനുവേണ്ടിയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.
മാർച്ച് 17 മുതൽ ജൂൺ 17 വരെ മൂന്നു മാസമാണ് പൊതുമാപ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ താമസ നിയമ ലംഘകരായ വിദേശികൾക്ക് ഈ കാലയളവിൽ പിഴ കൂടാതെ രാജ്യം വിട്ട് പുതിയ വിസയിൽ തിരിച്ചു വരുന്നതിനും രാജ്യം വിടാൻ താല്പര്യമില്ലാത്തവർക്ക് പിഴ അടച്ചു താമസം നിയമ വിധേയമാക്കുവാനും സാധിക്കുന്നതാണ്. ഈ കാലയളവിൽ താമസം നിയമപരമാക്കുകയോ രാജ്യം വിടുകയോ ചെയ്യാത്ത അനധികൃത താമസക്കാരെ കുവൈത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ പറ്റാത്ത നിലയിൽ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.