പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പിരിച്ചു വിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങൾ നിശ്ശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും രാജ്യത്തെ നശിപ്പിക്കാൻ ജനാധിപത്യത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അമീർ വ്യക്തമാക്കി. എല്ലാറ്റിനും ഉപരിയായി കുവൈത്തികളുടെ താൽപര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും അമീർ പറഞ്ഞു.