‘ഗോ ഫസ്റ്റ് ‘ വിമാനം നിർത്തലാക്കിയിട്ടു വർഷം ഒന്ന് കഴിഞ്ഞു. എന്നാൽ യാത്രക്കായി മുൻകൂട്ടി ടിക്കറ്റ് എടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരിച്ചു കിട്ടിയിട്ടില്ല.
2023 മേയ് മൂന്നു മുതലാണ് വിമാനക്കമ്പനി സർവീസ് അവസാനിപ്പിച്ചത്. ഈ വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ ധാരാളം യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തിരുന്നു സർവീസ് അവസാനിപ്പിച്ച സ്ഥിതിക്ക് ടിക്കറ്റ് തുക മടക്കി നൽകാമെന്ന് കമ്പനിക്കാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും പണം തിരികെ ലഭിച്ചിട്ടില്ല.
ഓൺലൈൻ വഴിയും ഏജൻസി വഴിയും യാത്രക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒരു മറുപടിയും ഇതുവരെയില്ല എന്ന് യാത്രക്കാർ പറയുന്നു.
കുവൈറ്റിലെ സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്തു കുടുംബമായി നാട്ടിലേക്ക് പോകാൻ മുൻകൂട്ടി ടിക്കെറ്റെടുത്തവർക്ക് വൻ തുകയാണ് നഷ്ടമായിരിക്കുന്നത്.
അപ്രതീക്ഷിതമായി സർവീസ് നിർത്തി വച്ചതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ കൂടുതൽ തുക നൽകിയാണ് നാട്ടിലെത്തിയത് . കണ്ണൂരിലേക്കു ആഴ്ചയിൽ ഒരു ദിവസം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത് അതിനാൽ യാത്ര വളരെ ദുരിതമായിരുന്നു.
ഗോ ഫസ്റ്റ് ശനി വ്യാഴം ചൊവ്വ ദിവസങ്ങളിലായിരുന്നു കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത് ഇത് കുവൈറ്റിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടർന്ന് കമ്പനി സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ സെപ്റ്റംബറോടെ രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഒന്നും നിലവിൽ വന്നിട്ടില്ല
സർവീസ് പുനരാരംഭിച്ചില്ലെങ്കിലും മുടക്കിയ പണം തിരികെക്കിട്ടിയാൽ മതി എന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ ആവശ്യം.