കുവൈത്ത് സിറ്റി: പിഞ്ചു കുഞ്ഞിനെ വാഷിങ്‌മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം. ഫിലിപ്പീൻസ് സ്വദേശിനിയാണ് അറസ്റ്റിലായത്. ഇന്നലെ മുബാറഖ് അൽ കബീർ ഗവർണറേറ്റിലെ സ്വദേശി വീട്ടിലാണ് കൊലപാതകം നടന്നത്. ഒന്നര വയസുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ നിലവിളികേട്ട് മാതാപിതാക്കൾ ഓടി എത്തുമ്പോൾ വാഷിങ് മെഷീനുള്ളിൽ കിടന്ന് കുഞ്ഞ് പിടയുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ ജോലിക്കാരിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.