കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരുടെ കടങ്ങൾ തീർക്കുന്നതിനുള്ള മൂന്നാമത്തെ ദേശീയ ക്യാമ്പയിന് തുടക്കമായി. സാമൂഹികകാര്യ മന്ത്രാലയമാണ് ക്യാമ്പയിൻ ആരംഭിച്ചത്. മാർച്ച് 14ന് ആരംഭിച്ച ക്യാമ്പയിൻ ഒരുമാസം നീണ്ടുനിൽക്കും. രാജ്യത്തെ ചാരിറ്റി സംഘടനകളും ആയി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാമൂഹികകാര്യ മന്ത്രാലയം നേരിട്ടാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പരമാവധി 20,000 ദിനാർ വരെയാണ് പദ്ധതിയിലൂടെ സഹായമായി നൽകുന്നത്. ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത കുവൈത്തി പൗരന്മാരെയും സാമ്പത്തിക ബാധ്യതയുള്ളവരെയും സഹായിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ ഔദ്യോഗിക രേഖകൾ ഹാജരാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിയമനടപടികൾക്ക് വിധേയരായവർക്ക് നീതിന്യായ മന്ത്രാലയത്തിന്റെ സിവിൽ എൻഫോഴ്സ്മെന്റ് വഴിയാണ് പണം നൽകുന്നത്.