കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടിമിന്നലിനും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്തെ ഒരു ഉപരിതല ന്യൂനമർദ്ദം ബാധിച്ചിട്ടുണ്ടെന്നും ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദ്ദവുമായി ചേർന്ന് ക്രമേണ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം വരെ നേരിയതോ മിതമായതോ ആയ മഴ ഇടയ്ക്കിടെ പെയ്തേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യും. കടൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.
ശനിയാഴ്ച അർദ്ധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഞായറാഴ്ച രാവിലെ ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ കൂട്ടിച്ചേർത്തു.