വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹവുമായി വിശ്വാസ ലോകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിനാളുകളാണ് അദ്ദേഹത്തിന് അനുശോചനം അറിയിക്കുന്നത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു മാർപാപ്പയുടെ അന്ത്യം സംഭവിച്ചത്. 88 വയസായിരുന്നു.
11 വർഷം ആഗോള സഭയെ നയിച്ചത് ഇദ്ദേഹമാണ്. നിരവധി പേരാണ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്. അർജന്റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനാണ് മാർപാപ്പ ജനിച്ചത്. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി.
ശ്വാസകോശ അണുബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ ലോകനേതാക്കൾ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയതയുടെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.