കുവൈത്ത് സിറ്റി: ഹോർമോൺ മരുന്നുകൾ മോഷ്ടിച്ച് വിൽപന നടത്തിയ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനു 15 വർഷം തടവും ഇരുപത്തി എട്ടായിരം ദിനാർ പിഴയും വിധിച്ച് കോടതി. ജസ്റ്റിസ് മുതാബ് അൽ-അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇയാൾ മന്ത്രാലയത്തിലെ ഫാർമസിയിൽ നിന്നും വ്യാജ കുറിപ്പടികൾ ഉപയോഗിച്ച് ഹോർമോൺ മരുന്നുകൾ മോഷ്ടിക്കുകയും ഇവ ബോഡി ബിൽഡർമാർക്കും ഹെൽത്ത് ക്ലബുകൾക്കും വില്പന നടത്തുകയും ചെയ്തു എന്നായിരുന്നു കേസ്.
പേശികളുടെ പെട്ടെന്നുള്ള വളർച്ചക്ക് ഉപയോഗിക്കുന്ന ഹോർമോൺ മരുന്നുകളാണ് ഇയാൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നത്. 14,000 ദിനാർ മൂല്യമുള്ള മരുന്നുകൾ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. 15 വർഷം കഠിനതടവിനു പുറമെ പിടിച്ചെടുത്ത തൊണ്ടി മുതലിന്റെ ഇരട്ടി തുകയായ 28 ആയിരം ദിനാർ പിഴയൊടുക്കുവാനും, ജോലിയിൽ നിന്ന് പിരിച്ചുവിടുവാനും , ശിക്ഷ കാലാവധി അവസാനിച്ച ശേഷം ഇയാളെ രാജ്യത്ത് നിന്നും നാടുകടത്തുവാനും കോടതി ഉത്തരവിട്ടു.