കുവൈത്ത് സിറ്റി: രാജ്യത്ത് തെരുവ് നായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ശക്തമായ ഫീൽഡ് ക്യാംപെയ്ൻ ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ്. നായ ശല്യമുള്ള ഇടങ്ങൾ അധികൃതരെ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തി. 56575070 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ഈ നമ്പറിലേക്ക് നേരിട്ട് വിളിച്ച് വിവരം അറിയിക്കുകയോ, വാട്ട്സാപ്പിൽ ലൊക്കേഷൻ അയച്ചു നൽകുകയോ ചെയ്യാം. പ്രധാനമായും പാർപ്പിട പ്രദേശങ്ങളിലെ നായ ശല്യമാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കുവൈത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥനെ തെരുവുനായ്ക്കൾ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. സബ്ഹാനിൽ ജോലി കഴിഞ്ഞ് വാഹനത്തിൽ കയറാൻ ശ്രമിക്കവെയായിരുന്നു അദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്.