കുവൈത്ത് സിറ്റി: ക്രിപ്‌റ്റോ കറൻസി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി വീടുകളിലെ ജല വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുവൈത്ത്. വഫ്ര പ്രദേശത്ത് ക്രിപ്റ്റോകറൻസി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിക്കപ്പെടുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
സാധാരണ ഉപഭോഗ നിരക്കിനേക്കാൾ അനേകം മടങ്ങ് ഉയർന്ന വൈദ്യുതിയാണ് ഈ വീടുകളിൽ ഉപയോഗിച്ചത്. ഇതേ തുടർന്ന് ഈ വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഈ വീടുകൾ കേന്ദ്രീകരിച്ചു ക്രിപ്‌റ്റോ കറൻസി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.
കഴിഞ്ഞ മാസം വഫ്ര പ്രദേശത്തെ ചില വീടുകളിൽ ഒരു ലക്ഷത്തിലേറെ കിലോവാട്ട് വൈദ്യുതി ഉപഭോഗമാണ് മീറ്ററുകളിൽ രേഖപ്പെടുത്തിയത്. തൊട്ടടുത്ത വീടുകളിലെ ഉപഭോഗത്തിന്റെ ഇരുപത് മടങ്ങ് അധികമാണ് ഇത്. സംശയം തോന്നാതിരിക്കാൻ വീട്ടുടമകൾ കൃത്യമായി വൈദ്യുതി ബില്ലുകൾ അടയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കാർഷിക മേഖലകളിലും വിദൂര പാർപ്പിട കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമാകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇതെ തുടർന്ന് കഴിഞ്ഞ ദിവസം ക്രിപ്‌റ്റോ കറൻസി നിർമ്മാണം നിരോധിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.