കുവൈത്ത് സിറ്റി: കുവൈത്തിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അക്കൗണ്ട് ഉടമകൾക്ക് എതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി 16 വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച സ്വദേശിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രമുഖ ഷോപ്പിംഗ് മാളിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യക്തികൾക്ക് എതിരെ അധിക്ഷേപം നടത്തുവാനും കിംവദന്തികൾ പ്രചരിപ്പിക്കുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് വ്യാജ പേരുകളിൽ ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്. ഇതിനു പുറമെ വ്യക്തികളെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടുവാനും ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
വ്യാജ അക്കൗണ്ട് ഉടമകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.