കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമ ലംഘകർക്ക് എതിരെ ശക്തമായ സുരക്ഷാ പരിശോധനയുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 440 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് സുരക്ഷാ പരിശോധന നടത്തിയത്.
രാജ്യത്തെ നിയമവിരുദ്ധ തൊഴിലാളികളെ നിയന്ത്രിക്കുക, നിയമവിരുദ്ധ താമസക്കാരെ നിരീക്ഷിക്കുക, താമസ നിയമവുമായി ബന്ധപ്പെട്ട പ്രതികൂല പ്രതിഭാസങ്ങൾ തടയുക, രാജ്യത്തെ തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുക മുതലായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായവരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.