കുവൈത്ത് സിറ്റി: തീപിടുത്ത അപകടങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി കർശന പരിശോധന തുടർന്ന് കുവൈത്ത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജനറൽ ഫയർഫോഴ്സ് സംഘം ബ്നൈദ് അൽ ഖർ പ്രദേശത്ത് പരിശോധന ക്യാമ്പയിൻ നടത്തിയിരുന്നു. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലും സുരക്ഷ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ സംഘം പരിശോധിച്ചു. തീപിടുത്തം പ്രതിരോധിക്കുന്നതിനായുള്ള ജനറൽ ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തിയ നിരവധി സ്ഥാപനങ്ങൾ പരിശോധനയിൽ അടച്ചുപൂട്ടുകയും ചെയ്തു.
വൈദ്യുതി, ജല മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുൻസിപ്പാലിറ്റി, പരിസ്ഥിതി പൊതു അതോറിറ്റി, ഭക്ഷ്യ- കാർഷിക അതോറിറ്റി തുടങ്ങിയ സർക്കാർ ഏജൻസുകളുമായി സഹകരിച്ചാണ് പരിശോധന നടക്കുന്നത്. കുവൈത്തിൽ വേനൽ ചൂട് കനത്തതോടെ തീപിടുത്ത കേസുകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ വരാതെ ജാഗ്രത പാലിക്കണമെന്നും അഗ്നി സുരക്ഷ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.