കുവൈത്ത് സിറ്റി: വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്ത്രീകളുടെ വാഹനങ്ങൾ പരിശോധിക്കുവാൻ പാടില്ലെന്ന് ഉത്തരവിട്ട് കുവൈത്ത് ക്രിമിനൽ കോടതി. ഇത്തരത്തിൽ നടത്തുന്ന ഏതൊരു പരിശോധനയും നിയമപരമായി അസാധുവാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
വനിത ഉദ്യോഗസ്ഥ ഇല്ലാതെ ഒരു സ്ത്രീയുടെ വാഹനം പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഭരണഘടനാപരമായ സംരക്ഷണങ്ങളും വ്യക്തിഗത സ്വകാര്യതയെ സംരക്ഷിക്കുന്ന നിയമ തത്വങ്ങളും അനുസരിച്ച് ഒരു വാഹനം വ്യക്തിയുടെ സ്വകാര്യ ഇടത്തിന്റെ വിപുലീകരണമായി കണക്കാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സ്ത്രീകളെയും അവരുടെ വാഹനങ്ങളെയും പരിശോധിക്കുമ്പോൾ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിർബന്ധമായും ഉണ്ടാവേണ്ടതാണ്. പരിശോധനകളിലും പിടിച്ചെടുക്കലുകളിലും നടപടിക്രമങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഈ നിയമം ശക്തി പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.