കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവയിനം കടൽ പക്ഷികളെ കണ്ടെത്തി. കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഇവയെ കണ്ടെത്തിയത്. ഷോർട്ട്-ടെയിൽഡ് ഷിയർവാട്ടർ, പോളാർ സ്‌കുവ എന്നീ പക്ഷികളെയാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് നാലാം തവണയാണ് ഈ പക്ഷികളുടെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് പരിസ്ഥിതി സംരക്ഷണ സമിതിയിലെ പക്ഷി നിരീക്ഷണ വിഭാഗത്തിലെ അംഗം മുഹമ്മദ് അൽ-ഹുദൈന അറിയിച്ചു.
കുവൈത്തിൽ ആദ്യമായി ഈ പക്ഷികളെ കണ്ടെത്തുന്നത് 2014 ലാണ്. ഇതിനു ശേഷം 2021 ലും ഇവയുടെ സാന്നിധ്യം നിരീക്ഷിച്ചു. സംഘത്തിന്റെ ഇത്തവണത്തെ പര്യടനത്തിനിടയിലാണ് രണ്ടാഴ്ചക്കകം രണ്ട് തവണ വീണ്ടും ഇവയെ കണ്ടെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പസഫിക് സമുദ്രത്തിന് കുറുകെ ഉത്തരധ്രുവം മുതൽ ദക്ഷിണധ്രുവം വരെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഈ പക്ഷികളുടെ സാന്നിധ്യം കാണപ്പെടുന്നത്. ഈ മേഖലയിൽ നിന്ന് അപ്പുറത്തുള്ള പ്രദേശങ്ങളിൽ അപൂർവ്വമായി മാത്രമാണ് ഇവയെ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കടൽക്കാക്കയുടെ അത്രത്തോളം വലിപ്പമുള്ള ഇവയുടെ ഇര പിടിത്ത രീതിയാണ് മറ്റു പക്ഷികളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്.