കുവൈത്ത് സിറ്റി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ-മുഷാർജിയുമായി ചർച്ച നടത്തി. എട്ടംഗങ്ങളാണ് പ്രതിനിധി സംഘത്തിലുള്ളത്.
ബിജെപി എം പി ബൈജയന്ത് പാൻഡേയാണ് സംഘത്തെ നയിക്കുന്നത്. സംഘത്തിൽ രണ്ട് വനിതകളും ഉൾപ്പെടുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിനിധി സംഘം അൽ-മൗഷർജിയോട് വിശദീകരിച്ചു. കുവൈത്തിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥരുമായും പ്രതിനിധി സംഘം കൂടികാഴ്ച്ച നടത്തി.
അതേസമയം, കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാന്റ് മോസ്‌കിലും സംഘം സന്ദർശനം നടത്തി. ഇന്ന് വൈകീട്ട് ഇന്ത്യൻ എംബസിയിൽ വെച്ച് ഇന്ത്യൻ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി സംഘം സംവദിക്കും. ബിജെപി എംപിമാരായ നിഷികാന്ത് ദുബെ ഫാങ്നോൺ കൊന്യാക്, രേഖ ശർമ, എ.ഐ.എം.ഐ.എം. എം. പി അസദുദ്ദീൻ ഒവൈസി, രാജ്യസഭാംഗമായ സത്‌നാം സിംഗ് സന്ധു, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ വിദേശ കാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.