കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ നടത്തിയതിന് കുവൈത്തിൽ നിന്ന് കഴിഞ്ഞമാസം നാടുകടത്തപ്പെട്ടത് 2,700 പ്രവാസികൾ. വിവിധ നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കുവൈത്തിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. റെസിഡൻസി നിയമം ലംഘിക്കുന്നവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ, നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവർ തുടങ്ങിയവരെ പിടികൂടുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ട്.
മെയ് 11 മുതൽ 18 വരെയുള്ള തീയതികളിൽ റെസിഡൻസി നിയമം ലംഘിച്ച 1084 പേരെ നാടുകടത്തിയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. താമസ, തൊഴിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ തൊഴിൽ, താമസ നിയമലംഘനങ്ങൾ തൊഴിലുടമകളുടെ വീഴ്ചയായും കണക്കാക്കും. താമസ നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടുന്നതിനു വേണ്ടി മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
5:04 PM