കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പൂർണ്ണമായി സജ്ജീകരിച്ച 90 ഷെൽട്ടറുകൾ തയ്യാറാക്കിയതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സിവിൽ ഡിഫൻസിന്റെ പതിവ് നിരീക്ഷണത്തിന് വിധേയമായിട്ടാകും ഇവയുടെ പ്രവർത്തനം.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കൊണ്ട് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാഭ്യാസം മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്
വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓൺ ലൈൻ വഴി ചർച്ചകൾ നടത്തിയിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ സുരക്ഷയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി യോഗത്തിൽ ഉയർത്തിക്കാട്ടി. അടിയന്തര പദ്ധതികളും ദ്രുത പ്രതികരണ സംഘങ്ങളും സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ക്ലാസിലെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം മാറ്റങ്ങളൊന്നുമില്ലാതെ നടക്കുമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മന്ത്രാലയം ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.