കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശന വിസകളിലും താത്കാലിക വിസകളിലും എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിലെയും പ്രത്യേക കേന്ദ്രങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ സേവനങ്ങൾ നിർത്തലാക്കി കുവൈത്ത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ഉടമസ്ഥതയിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ചികിസയോ മറ്റു ആരോഗ്യ സേവനങ്ങളോ അനുവദിക്കില്ല.
രാജ്യത്തെ ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെ ഗുണനിലവാരം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സേവന വ്യവസ്ഥ യുക്തിസഹമാക്കുക, സേവനം അർഹിരായവർക്ക് മാത്രം പരിമിതപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുള്ളതായി മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.