കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ ജയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തെ തുടർന്നുള്ള മരണ സംഖ്യ മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. മുഹമ്മദ് അൽ-ഹജ്രി ആണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് നേരത്തെ രണ്ട് പേർ മരണപ്പെട്ടിരുന്നു.
ജയിൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ കേണൽ സൗദ് അൽ-ഖംസാനും ഒരു ഈജിപിഷ്യൻ തൊഴിലാളിയും കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. പരിക്കേറ്റ വാറണ്ട് ഓഫീസർ മുഹമ്മദ് അൽ-ഷറഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ചികിത്സയിൽ തുടരുകയാണ്. ഈ മാസം 17 നാണ് ജയിൽ കെട്ടിടത്തിന്റെ ഇടനാഴിയിൽ കാർപെറ്റ്, ഫർണിച്ചർ വസ്തുക്കൾ മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ തീപിടുത്തം ഉണ്ടായത്. അറ്റകുറ്റ പണികൾ നടക്കവേ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് സംഭവിച്ചതിനെ തുടർന്നായിരുന്നു തീപ്പിടുത്തം. ഉദ്യോഗസ്ഥറും തൊഴിലാളികളും ഉൾപ്പെടെ ആറു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.







