കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ആധുനിക പട്രോളിംഗ് വാഹനങ്ങൾ. അലി അൽഗാനിം & സൺസ് കമ്പനി കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായി അനുവദിച്ച ആധുനിക പട്രോളിംഗ് വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ സാന്നിധ്യത്തിലാണ് വാഹനങ്ങൾ കൈമാറിയത്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഏജൻസികളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനി വാഹനങ്ങൾ കൈമാറിയത്.
സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള സംയോജനത്തിന്റെയും സൃഷ്ടിപരമായ സഹകരണത്തിന്റെയും ഉദാഹരണമാണ് ഈ സംരംഭമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം പട്രോളിംഗ് ചുമതലകൾ നിർവഹിക്കുന്നതിൽ സുരക്ഷാ സേനയുടെ കഴിവുകൾ വർധിപ്പിക്കുവാനും ഇത് വഴി കഴിയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സേവനങ്ങളിൽ സ്വകാര്യ മേഖല നൽകുന്ന സംഭാവനകൾക്ക് മന്ത്രി അഭിനന്ദനം അറിയിച്ചു.







