കുവൈത്ത് സിറ്റി: കുവൈത്തിലെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് തട്ടിപ്പിലെ 19 പ്രതികൾക്ക് ശിക്ഷ വിധിച്ചു. 10 വർഷം തടവും മുപ്പത് ലക്ഷം കുവൈത്തി ദിനാർ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ക്രിമിനൽ കോടതി ജഡ്ജി നാസർ അൽ-ബദർ അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ മറ്റു 28 പ്രതികൾക്ക് നാല് വർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു. കോടതി 36 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതി വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ജീവനക്കാരനും വാണിജ്യ നറുക്കെടുപ്പ് വിഭാഗം മേധാവിയുമായ വ്യക്തിയാണ്. ഒന്നാം പ്രതി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമം നടത്തി വ്യക്തിഗത ലാഭം നേടിയതായി കോടതി വ്യക്തമാക്കി. ഇത് നീതിയും തുല്യാവസരവും എന്ന അടിസ്ഥാന സിദ്ധാന്തങ്ങളെ ലംഘിക്കുന്നതും അതീവ അപകടകരവും നൈതിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രവണതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികൾ പൊതുജന വിശ്വാസ്യതയ്ക്കും വാണിജ്യ നറുക്കെടുപ്പുകളുടെ വിശ്വാസ്യതക്കും കോട്ടം വരുത്തുന്നതാണെന്നും കോടതി അറിയിച്ചു. ഇത് കൂടാതെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും ചെയ്തതായി കോടതി വിലയിരുത്തി.







